2014, ജൂൺ 2, തിങ്കളാഴ്‌ച



നൂഡിൽസ്

ചെറുകഥ 

1990 ലെ ആഗസ്റ്റ്‌മാസം ...
സമയം ഏകദേശം ഏഴുമണി കഴിഞ്ഞിരിക്കുന്നു..
രണ്ടു ഷിഫ്റ്റ്‌ ഒന്നിച്ചെടുത്തശേഷം ആറരമണിയായപ്പോൾ ഓഫീസിൽ നിന്നുമിറങ്ങി ...
നാളെ ഓരോഫാണ് ...
രിസപ്ഷനിലിരുന്നിരുന്ന കുര്യൻ ചേട്ടനോട് യാത്ര പറഞ്ഞ് ബാഗും തോളിലിട്ട്‌ ഓഫീസ്കവാടം കടന്ന് റോഡിലേക്കിറങ്ങി ...
രാജേന്ദ്രമൈതാനത്ത് മേര്കുറിബൾബുകൾ പ്രകാശിച്ചുതുടങ്ങിയിരിക്കുന്നു
വാർഫിൽ കാത്തുകിടന്നിരുന്ന കപ്പലുകളിലെ നിയോണ്‍ വെളിച്ചം കായൽപരപ്പിൽ നൃത്തം ചവിട്ടുന്നുണ്ടായിരുന്നു.
എന്തായാലും കലൂരിലേക്ക് ബസ് കയറാം ......ഏഴു മണിയുടെ "തൃശൂർ" കിട്ടും.
ആദ്യം വന്ന ബസ്സിൽ തന്നെ കയറി
കലൂര് ബസ്സ്‌സ്റ്റോപ്പിൽ ധാരാളം പേരുണ്ടായിരുന്നു. ഭൂരിഭാഗവും ത്രിശുരിലേക്ക്തന്നെ ആന്നെന്നുമറിയാം.
" രാജഹംസം പോയോ.. " കാത്തു നിന്നിരുന്ന ഒരാളോട് ചോദിച്ചു ...
" ഞാനും അത് കാത്താ നിക്കുന്നത് " ഒരു ചെറു ചിരിയോടെ അയാള് പറഞ്ഞു .
എഴുമണി കഴിഞ്ഞു .......ഏഴേ അഞ്ചും കഴിഞ്ഞു ..ഇന്നിനി രാജഹംസം ഉണ്ടാകുമെന്ന് തോന്നുന്നില്ല
ഇനിയും കാത്തു നില്ക്കേണ്ട കാര്യം ഓർത്തപ്പോൾ വിശപ്പിന്റെ ആക്കം കൂടുന്നപോലെ തോന്നി.
റോഡിനെതിർവശത്തുള്ള ചൈനീസ് ഫാസ്റ്റ് ഫുഡ് കടയിൽനിന്നും ഒഴുകി വരുന്ന രുചിയുടെ മണം വിശപ്പ്‌ വർദ്ധിപ്പിച്ചു
ഇനി അടുത്തത്‌ " മേരിമാതയാണ് ". ഗുരുവായുര്ക്ക് .. അത് എഴെമുക്കാലിനാണ് ..
അതിനുമുന്നെ എന്തെങ്കിലും കഴിക്കാം .
ചൈനീസുക്കാരുടെ ഭക്ഷണ വൈദഗ്ധ്യം കാലുകളെ അങ്ങോട്ടുതന്നെ ചലിപ്പിച്ചു
പുറമേനിന്ന് നോക്കിയാൽ കേഷ് കൌണ്ടറിലിരിക്കുന്നയാളെ മാത്രമേ കാണാൻ പറ്റുകയുള്ളു.
എന്നാൽ ഉള്ളിൽ നല്ല വിശാലമായ രെസ്റ്റൊരന്റ് ഉണ്ട് .
 വെളിച്ചം കുറവുള്ള ബൾബുകളാണെങ്കിലും നല്ല ഭംഗിയുണ്ടായിരുന്നു.അധികം ആളുകൾ ഉണ്ടായിരുന്നില്ല.
നാല് പേർക്കിരിക്കാവുന്ന മേശകളിൽ ഒന്നിൽ ഇരുന്നു. മേശയുടെ കടുംപച്ച പ്രതലത്തിലെക്കായി മുകളിൽ നിന്നും തൂങ്ങി കിടക്കുന്ന
അരണ്ട വെളിച്ചം വിതറുന്ന ഭംഗിയുള്ള ബൾബുകൾ..
കുറെ നാളത്തെ ആഗ്രഹമായിരുന്നു ചൈനീസ് നൂഡിൽസ് കഴിക്കണം എന്നത്.
സപ്ലയർ വന്നപ്പോൾ നൂടിൽസ് തന്നെ ഓർഡർ ചെയ്തു.
ചെറിയ ശബ്ധത്തിൽ സ്പീക്കറിലുടെ ഒഴുകിവരുന്ന സാക്സോഫോണ്‍ സംഗീതത്തിന്  അരണ്ട വെളിച്ചം ഒരു പ്രത്യേക വശ്യത പകരുന്നുണ്ടായിരുന്നു.
എതിർവശത്തെ കസേരയിലും ഒരാൾ വന്നിരുന്നു.അയാളും തിരക്കിലാന്നെന്നു മനസ്സിലായി.
ചൈനീസ് വിഭവമായതിനൽ സമയം കൂടുതൽ എടുക്കുമായിരിക്കും
സപ്ലയർ വന്ന് എതിർവശത്തിരുന്നയാളിൽ നിന്നും ഓർഡർ എടുത്തു.
" വേറൊന്നും ഇല്ലാല്ലേ ....എന്നാലതുതന്നെ മതി " അയാൾ  സപ്ലയരോട് പറഞ്ഞു.
അധികം വലിപ്പമില്ലാത്ത ഒരു വെളുത്ത ക്രോക്കറിയിൽ നിറയെ നൂഡിൽസും അതിനെ അലങ്കരിക്കതക്കരീതിയിൽ ഫോര്ക്കും സ്പൂണുമായി
സപ്ലയർ എനിക്ക് മുന്നിൽ കൊണ്ടുവച്ചു.
റോഡിൽ നിന്നപ്പോൾ ഒഴുകിവന്ന അതെ ആകര്ഷണഗന്ധം.
സ്പൂണും ഫോര്ക്കും എടുത്തുപയോഗിക്കാൻ ഒരു പ്രയാസം തോന്നി.
എങ്കിലും "സ്റ്റാറ്റസ്" നോക്കണമല്ലോ.
അല്പ്പം ബുദ്ധിമുട്ടിയാനെങ്കിലും പറ്റാവുന്ന രീതിയിൽ കഴിക്കാൻ ശ്രമിച്ചു.
എന്നാൽ കുറെയൊക്കെ വഴുതി താഴെവീഴുന്നുണ്ടായിരുന്നു.
എതിർവശത്തിരിക്കുന്നയാൾ ഇതെല്ലാം കാണുന്നുണ്ടോ എന്നറിയാൻ ഒളികണ്ണിട്ടുനോക്കി.
അയാൾ എന്റെ ചെയ്തികൾ കണ്ടുരസിക്കുകയായിരുന്നു.
ആകെ ഇളിഭ്യനായതുപോലെ തോന്നി..
സംഗീതത്തിലേക്ക് ശ്രദ്ധ തിരിച്ചുവിടാൻ ഒരു ശ്രമം നടത്തി.
ഭാഗ്യം.....അയാൾക്കുമുന്നിലും വന്നു നൂഡിൽസ്.
ഹോ....തന്റെ പകുതിപോലും തീര്ന്നിട്ടില്ല.
അയാൾ വേഗം കഴിച് എണീക്കുകയാനെങ്കിൽ ...ഇതില്പരം നാണകേടുണ്ടോ
പക്ഷെ.......അയാൾ എത്ര ശ്രമിച്ചിട്ടും ഒരു സ്പൂണ്‍ നൂഡിൽസ് പോലും വായിലാക്കാൻ കഴിഞ്ഞിട്ടില്ല ...
അല്പ്പം ആത്മവിശ്വാസം കൈവന്നപോലെ തോന്നി.
ഇപ്പോൾ ഞാൻ തന്നെ കേമൻ ....ഇടയ്ക്കിടെ അയാള് എന്നെ നോക്കുന്നുമുണ്ടായിരുന്നു...
" ഹോ ...ഈ കത്തീം മുള്ളുമോന്നും നമ്മള് കേരളീയര്ക്ക് പറ്റില്ലാല്ല്യൊ ..." അയാള് എന്നെ നോക്കി ഒരു ചമ്മലോടെ പറഞ്ഞു.
ഞാൻ അതൊന്നും ശ്രദ്ധിക്കാത്ത മട്ടിൽ കുറച്ചുകൂടി ഗമയോടെ ഫോർക്കുപയോഗിച്ച് കഴിച്ചുകൊണ്ടിരുന്നു.
അരണ്ട വെളിച്ചവും പാശ്ചാത്യസംഗീതവും പെട്ടെന്ന് നിലച്ചു.....കറന്റ് പോയതാണ് .
കുറച്ചു നേരം ആകെ അന്ധകാരം..
ഒന്നോ രണ്ടോ മിനിട്ട് കഴിയേണ്ടിവന്നു കേഷ് കൌണ്ടറിലെ എമർജെൻസി തെളിയാൻ ..
സപ്ലയർ ഓരോ മെഴുകുതിരികളുമായി മേശമേൽ വെച്ചുകൊണ്ടിരുന്നു .
ഞങ്ങൾക്ക് മുന്നിലും വന്നു ഒരു മെഴുകുതിരി..
അദ്ഭുതപെട്ടുപൊയി ....എന്നാലോ ചിരിക്കാതിരിക്കാനും കഴിഞ്ഞില്ല.
എതിർവശത്തിരുന്നയാളുടെ നുടിൽസ് കഴിച്ചുതീർന്നിരിക്കുന്നു..അയാളുടെ മീശയിലുടെയും കവിളിലുടെയുമൊക്കെ
നൂടിൽസിന്റെ ശകലങ്ങൾ ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു.
മെഴുകുതിരിവെളിച്ചം ഇത്രയും പെട്ടെന്ന് എത്തുമെന്ന് അയാളും കരുതിയില്ല എന്ന് തോന്നുന്നു.
ഈ ചുരുങ്ങിയ സമയത്തിനുള്ളിൽ ഇത്രയും വേഗതയിൽ കഴിച്ചത് കൊണ്ടായിരിക്കണം അയാൾ കിതക്കുന്നുണ്ടായിരുന്നു.
ഞാനയാളെ വീണ്ടും നോക്കിയപ്പോൾ വലതുകയ്യിൽ പറ്റിപിടിച്ചിരിക്കുന്ന
അവശിഷ്ട്ടങ്ങൾ എന്നിൽ നിന്നും മറക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു.
എന്നെനോക്കി അയാൾ ഒരു വളിച്ചച്ചിരി പാസ്സാക്കി...
ഞാൻ എന്റെ ചിരി പുറത്തു കാണിക്കാതിരിക്കാൻ പാടുപെടുകയായിരുന്നു.
സമയത്തെ കുറിച്ച് പെട്ടെന്നാണ് ഓര്മ്മ വന്നത് ....ഏഴര കഴിഞ്ഞിരിക്കുന്നു....മേരിമാതയുടെ സമയമായികൊണ്ടിരിക്കുന്നു.
അയാലെപോലെ കയ്യുപയോഗിച്ചു കഴിക്കണോ ......
വേണ്ട ...സ്റ്റാറ്റസ് കളയരുതല്ലോ ....
എന്നാൽ എന്റെ കൈകൾ ഫോര്ക്കും സ്പൂണുമായി നല്ല ചങ്ങാത്തത്തിലായിരിക്കുന്നു..
ഇപ്പോൾ ഒരു നൂഡിൽസ് പോലും താഴെ വീഴുന്നില്ല.
കൌണ്ടറിൽ പൈസ കൊടുത്ത് ബാക്കിവാങ്ങുമ്പോഴേക്കും കറന്റ് വന്നു.
മേരിമാത അകലെനിന്നും വരുന്നുണ്ടായിരുന്നു.
റോഡ്‌ ക്രോസ് ചെയ്ത് ബസ്സിൽ കയറി.അധികം തിരക്കുണ്ടായിരുന്നില്ല ...അദ്ഭുതമായിരിക്കുന്നു ..
നാല് സീറ്റ് ഒഴിവുമുണ്ട് . ജനലരികിലെ സീറ്റ് ഒഴിവുണ്ടായിരുന്നില്ല..
കിട്ടിയ സീറ്റിൽ ഇരുന്നു..എന്നാൽ തൊട്ടടുത്ത വിണ്ടോസീറ്റിൽ, അയാൾ എന്നെ കണ്ടിട്ടേയില്ല എന്നമട്ടിൽ ഇരിക്കുന്നുണ്ടായിരുന്നു.

                                                                                                          മണികണ്ഠൻ കിഴക്കൂട്ട് ,                                                                                                                                            ചേർപ്പ്‌.